Saturday 23 July 2011

Sunday, 10 July 2011

ഓര്‍മ്മയിലൊരു മഴക്കിലുക്കം....

             മഴ പെയ്തിറങുന്ന വിദ്യാലയദിനങ്ങള്‍  മനസ്സിലെപ്പൊഴും കുളിരുള്ള ഓര്‍മ്മയാണ്. മഴത്തുള്ളികള്‍ക്കൊപ്പം കൂട്ടുകൂടി സ്കൂളിലേക്കുള്ള പണ്ടത്തെയാത്രകള്‍ എന്തുരസമായിരുന്നു. പൂക്കളോടും, പൂമ്പാറ്റകളോടും കിന്നാരം ചൊല്ലി, വഴിവക്കിലെ നാട്ടുമാവില്‍ കല്ലെറിഞ്, മണ്ണ് തൊട്ട് പ്രക്രുതിയുടെ മനസ്സുതൊട്ടുള്ള യാത്ര.....  

             നടന്നു നീങുമ്പോള്‍ പാടവരമ്പിലോ, വഴിവക്കിലോ കെട്ടി നില്‍കുന്ന മഴവെള്ളം കണ്ടാല്‍ അതിനെ ചവിട്ടിപ്പൊട്ടിക്കാനാണ് തിടുക്കം. ഒരു കാല്‍ കൊണ്ട് വെള്ളത്തില്‍ ആഞ്ഞു ചവിട്ടി, വെള്ളം മേല്‍പ്പോട്ടുയരുമ്പോള്‍ മറുകാല്‍ കൊണ്ട് വീശിയൊരടി.... ‘ടപ്പേ’  എന്നു പൊട്ടുമ്പോള്‍ ചെളി നിറഞ്ഞ കുപ്പായവുമായിട്ടായിരിക്കും കൂട്ടുകാരുടെ നില്പ്. പിന്നെ, പിണക്കമായി. സ്ലെയ്റ്റ് മായിക്കാന്‍ കീശയില്‍ കരുതിയ വെള്ളാം കുടിത്തണ്ടോ, ഓണത്താറോ പകരം നല്‍കി ഈ പിണക്കത്തെ ഇണക്കമാക്കും. അങനെ കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും കൊണ്ട് ഊഷ്മളമായ വഴിച്ചങ്ങാത്തങ്ങള്‍. 

              മഴയില്‍ കുടച്ചങ്ങാതിമാരുമായി കൂട്ടുകൂടി കുട്ടികള്‍ പോകുമ്പോള്‍ മനസിലോര്‍മ്മവരും മധുരം കിനിയുന്ന ബാല്യകാലത്തിന്റെ ഓര്‍മ്മകളും പിന്നെ ഒ.എന്‍.വി യുടെ ഈ വരികളും. 

              ‘ കൊട്ടിപ്പാടുന്ന മഴ 
              നടവരമ്പത്തൊരു 
              കുട്ടിയുണ്ടതിന്‍ കൈയില്‍ 
              പുസ്തകം പൊതിച്ചോറും 
              കുടയാമ്മൊരു തൂശ 
              നിലയും അത് കൊത്തി-
              ക്കുടയുന്നുവോ മഴ
              ക്കാറ്റിന്റെ കാക്കക്കൂട്ടം.....’ 

തിരിചുകിട്ടട്ടെ വര്‍ത്തമാന കാല ബാല്യങ്ങള്‍ക്കും ഇതൊപോലൊരു ഓര്‍മ്മക്കാലം......

No comments:

Post a Comment